നിങ്ങളൊരു സി എസ് വിദ്യാർത്ഥി ആണോ ? നിങ്ങളുടെ മാനേജ്‌മെന്റ് ട്രെയിനിങ് എവിടെ ചെയ്യുമെന്ന സംശയത്തിലാണോ ?
നല്ല പരിശീലനം നല്ല ഭാവിയെ പാകപ്പെടുത്തുന്നു. സി എസ് വിദ്യാർത്ഥിയാണോ, മാനേജ്‍മെന്റ് പരിശീലനം കൂടിയേ തീരൂ. പരിശീലനം പൊതുവായ അല്ലെങ്കിൽ സ്വകാര്യ സംഘടനയിലോ ലീഗൽ കൺസൾട്ടൻസിയിലോ ആകാം. പഠനം എന്നതിലുപരി മാനേജ്‍മെന്റ് പരിശീലനം ഓരോ വിദ്യാർത്ഥികൾക്കും പുത്തൻ ആശയങ്ങൾക്കുള്ള വേദിയാണ്. ഇത്തരത്തിൽ തങ്ങളുടെ സൈദ്ധാന്തിക പരിജ്ഞാനം പ്രായോഗികമാക്കാൻ അവർക്കു കഴിയുന്നു. പഠിച്ച പാഠങ്ങളെ മനസിലുറപ്പിക്കുവാനും അനുബന്ധ ചിന്തകളിലേക്ക് ചുവടുവയ്ക്കാനും ഈ പരിശീലനം കൈമുതലാകുന്നു. പുസ്തകകെട്ടുകളിൽ നിന്ന് പ്രായോഗിക ലോകത്തേക്കുള്ള ഈ മാറ്റം, ഒരു ഔദ്യോഗിക ജോലിസ്ഥലം എങ്ങനെ ആയിരിക്കുമെന്നും അതെങ്ങനെയൊക്കെ കൈകാര്യം ചെയ്യണമെന്നും അവിടെ എന്തൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നും അവരെ പഠിപ്പിക്കുന്നു. ഈ പരിശീലനം വിദ്യാർത്ഥികളെ കാലത്തിനൊപ്പം മാറി വരുന്ന പാഠ്യപദ്ധതികൾക്കും ആശയങ്ങൾക്കും ഒപ്പം ചലിക്കാൻ സഹായിക്കുന്നു. വികസ്വര രാഷ്ട്രമായ ഇന്ത്യയിൽ കമ്പനികളും ഇപ്പോൾ ലക്ഷ്യമിടുന്നത് "നല്ല കോർപ്പറേറ്റ് പൗരന്മാർക്ക്" വേണ്ടിയാണ്. ഇത് കമ്പനി സെക്രട്ടറി പോലെയുള്ള ഉദ്യോഗങ്ങൾക്ക് അനന്തസാധ്യതകൾ തുറക്കുന്നു. നിസംശയം നിങ്ങൾക്ക് പറയാം, ഒരു കമ്പനി സെക്രട്ടറി എന്ന നിലയിൽ നല്ല പരിശീലനം ദൃഢമായ ഭാവിയെ വാർത്തെടുക്കുമെന്ന്.
ഓർക്കുക, പരിശീലനത്തിലേക്ക് കടക്കും മുൻപ് നിങ്ങൾ ഉറപ്പിക്കേണ്ട ചില വസ്തുതകൾ ഉണ്ട്,
- ഉദ്ദേശങ്ങളെ ക്രമപ്പെടുത്താം
- ലക്ഷ്യങ്ങളെ കണ്ടെത്താം
നിങ്ങൾ എന്തിനു വേണ്ടി പരിശീലനം നേടണം ? പരിശീലത്തോടുള്ള താല്പര്യം കൊണ്ടാണോ അതോ പരിശീലനം നിർബന്ധമായതിനാലാണോ നിങ്ങൾ ഇത് ചെയ്യുന്നത്? ഈ പരിശ്രമങ്ങൾക്കൊടുവിൽ നിങ്ങൾ എവിടെ എത്തിച്ചേരും? മറ്റൊരു കമ്പനിയുടെ ഭാഗമാകുന്നതാണോ സ്വന്തമായൊരു കമ്പനി ആരംഭിക്കുന്നതാണോ നിങ്ങളുടെ സ്വപ്നം ?
തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ വേണം, ഒരു നാണയത്തിന്റെ ഇരുപുറമെന്നപോലെ എല്ലാത്തിനും നേട്ടങ്ങളും കോട്ടങ്ങളുമുണ്ട്. എന്നാൽ നിങ്ങളുടെ താല്പര്യങ്ങളെ കൈവിട്ട് കളയരുത്. ഒപ്പം സ്വന്തം ശക്തിയും ശക്തിക്ഷയങ്ങളും തിരിച്ചറിയാനും മറക്കരുത്. ഒരു പശ്ചാത്തല പരിശോധനയാകാം, കൂടാതെ കമ്പനിയിലെ ഉദ്യോഗസ്ഥരോട് ചോദിക്കുകയുമാകാം. എല്ലാത്തിലുമുപരി നിങ്ങളുടെ ജോലിയെപ്പറ്റി കൂടുതൽ അറിയുക.
പരമ്പരാഗതമായ സി എ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിരവധി അവസരങ്ങൾ കമ്പനികൾ ഇന്ന് മുന്നോട്ട് വയ്ക്കുന്നുണ്ട്. അതേസമയം മറ്റു ചില കമ്പനികൾ ഇപ്പോഴും ഈ മാറ്റത്തിനു തയ്യാറാകുന്നില്ല. നിങ്ങൾ നേടാൻ ആഗ്രഹിക്കുന്നതെന്തോ അതിനു യോജിച്ച കമ്പനി തിരഞ്ഞെടുക്കുക. സ്വന്തം കമ്പനിയാണോ നിങ്ങളുടെ സ്വപ്നം, ഏറ്റവും അനുയോജ്യമായ മാർഗം പരിശീലനം തന്നെ.
പ്രാക്ടീസ് ചെയ്യണോ ? ജീവനക്കാരൻ ആകണോ?
ദിശയറിഞ്ഞു വേണം സഞ്ചരിക്കാൻ...പഠനം പൂർത്തിയാക്കിയ ഒരു സി എസ് വിദ്യാർത്ഥിയുടെ ചിന്ത രണ്ടു തരത്തിലാണ് - ഒരു നല്ല ശമ്പളത്തോടെയുള്ള ജോലി അല്ലെങ്കിൽ കമ്പനികളുടെ നിയമ സംബന്ധമായ കാര്യങ്ങൾക്ക് സ്വന്തമായൊരു കൺസൾട്ടൻസി. വിദഗ്ധരുടെ അഭിപ്രായത്തിൽ സ്വന്തമായൊരു കമ്പനി തുടങ്ങാൻ അനിവാര്യം നിരന്തരമായ പരിശീലനം മാത്രമാണ്. അതിലൂടെ വലിയ നഷ്ടങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഒരു കമ്പനിയുടെ ഉയർച്ചയ്ക്കും താഴ്ചയ്ക്കും നിങ്ങൾക്ക് സാക്ഷ്യം വഹിക്കാം.
പരിശീലനത്തിനായി നിങ്ങൾ ചിലവഴിക്കുന്ന ഈ ചെറിയ കാലയളവിൽ നിങ്ങൾക്കൊരിക്കലും ഒന്നിലധികം പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചെന്ന് വരില്ല. എന്നാൽ അവയെല്ലാം പരിചയപ്പെടാൻ ലഭിക്കുന്ന അവസരം തന്നെ ധാരാളം.
അതിനാൽ, വിവേകപൂർവ്വം തിരഞ്ഞെടുക്കുക, ഭാവി സുരക്ഷിതമാക്കുക