മാതൃകയാക്കാം സി എ വിജയികളെ
ഇന്ത്യയിലെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലൊന്നായ ചാർട്ടേർഡ് അക്കൗണ്ടന്റ് ആയി മാറുക എന്നത് നിസാരമായ ഒന്നല്ല. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നിങ്ങനെ കടമ്പകൾ പലതാണ്. ദൃഢനിശ്ചയവും കഠിനപ്രയത്നവും അതിനു ചുക്കാൻ പിടിക്കുമ്പോൾ, അതിനൊപ്പം വിദ്യാർത്ഥിക്കാവശ്യം നിരന്തരമായ ആത്മവിശ്വാസമാണ്, ചെറിയ തോൽവികളിൽ പതറാതെ മുന്നോട്ട് പോകാനുള്ള പിൻതാങ്ങൽ. നിങ്ങൾ തിരഞ്ഞെടുത്ത കോഴ്സിൽ, നിങ്ങൾക്ക് മുന്നേ പോകുന്നവരുടെ വിജയകഥകളും അതിൽ പ്രധാനമാണ്. ചാർട്ടേർഡ് അക്കൗണ്ടന്റായി ഉയർന്ന സ്ഥാനങ്ങൾ കൈവരിച്ച കുറച്ചു വ്യക്തികളെ നമുക്ക് പരിചയപ്പെടാം. കാരണം മുന്നേ നടന്നവരെന്നും പുതിയ പ്രതീക്ഷകൾക്കും സാധ്യതകൾക്കും വഴി തുറക്കുന്നു.
കുമാർ മംഗളം ബിർള
കൂടുതൽ ആമുഖങ്ങളൊന്നും നൽകേണ്ടതില്ലാത്ത നാമമാണ് കുമാർ മംഗളം ബിർളയുടേത്. ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാനായ ഈ ശതകോടീശ്വര വ്യവസായി വഴിതെളിച്ചത് മികച്ച മാറ്റങ്ങളിലേക്കായിരുന്നു. ബിർള കുടുംബത്തിലെ നാലാം തലമുറക്കാരനായ ഇദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിൽ (ഐ സി എ ഐ) നിന്ന് സി എ കരസ്ഥമാക്കി. 28 ആം വയസ്സിൽ അച്ഛന്റെ പാരമ്പര്യത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ അദ്ദേഹത്തിന് കൈമുതലായത് സി എ ഡിഗ്രിയും എം ബി എ ഡിഗ്രിയും ഒപ്പം അഞ്ചു വർഷത്തെ അനുഭവജ്ഞാനവുമാണ്.
നയ്ന ലാൽ കിദ്വായ്
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ് ഐ സി സി ഐ) മുൻ ദേശീയ പ്രസിഡന്റായ നയ്ന ലാൽ കിദ്വായ് ഭാരതീയ ബാങ്കറും ചാർട്ടേർഡ് അക്കൗണ്ടന്റുമാണ്. ഹാർവാർഡ് ബിസിനസ്സ് സ്കൂളിൽ നിന്നും എം.ബി.എ കരസ്ഥമാക്കിയ ആദ്യ വനിതാ എന്ന പദവിയും നയ്ന ലാൽ കിദ്വായ് സ്വന്തമാക്കി. 2007 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. എച്ച്എസ്‌ബിസി ഇന്ത്യ മുൻ സി.ഇ.ഒ യായി സേവനം അനുഷ്ഠിച്ചിരുന്നു.
ടി എൻ മനോഹരൻ
2010ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചതുൾപ്പെടെ ചാർട്ടേർഡ് അക്കൗണ്ടന്റ് മേഖലയിൽ മുൻ നിരയിൽ സ്ഥാനം പിടിച്ച വ്യക്തിയാണ് ടി എൻ മനോഹരൻ. ഐ സി എ ഐയുടെ മുൻ പ്രസിഡന്റും മുൻ കാനറ ബാങ്ക് ചെയർമാനുമായിരുന്നു. കൂടാതെ 2009തിൽ സി എൻ എൻ- ഐ ബി എൻ, "ഇന്ത്യൻ ഓഫ് ദി ഇയർ" ആയി അംഗീകരിച്ചു.
നിശ്ചൽ നാരായണം
19 ആം വയസ്സിൽ സി എ യോഗ്യത നേടിയതോടെ ഇന്ത്യയിലെ പ്രായം കുറഞ്ഞ സി എക്കാരനായി നിശ്ചൽ മാറി. രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ഐ സി എ ഐയിൽ അംഗമായി മാറി. കണക്കിലുള്ള പരിജ്ഞാനത്തിലൂടെ സ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു മാത്തമറ്റിക്കൽ ലബോറട്ടറി രൂപം നൽകി. ഒപ്പം ഒരു സംരംഭത്തിനും തുടക്കമിട്ടു.
മോത്തിലാൽ ഒസ്വാൾ, എച് ഡി എഫ് സി ചെയർമാൻ ദീപക് പരേഖ്, പ്രസിദ്ധ പത്രപ്രവർത്തകനായ എസ് ഗുരുമൂർത്തി, എൻ ഡി ടിവി കോ-ഫൗണ്ടർ പ്രണോയ് റോയ്, എന്നിങ്ങനെ നീളുന്നു ഇന്ത്യയുടെ സി എ വിജയികൾ. ഇത്രയധികം വിജയങ്ങൾ നിങ്ങൾക്ക് മുന്നിലുള്ളപ്പോൾ എന്തിനു സി എ പഠനത്തെ ഭയക്കണം? നിങ്ങൾ സി എയ്ക്ക് രജിസ്റ്റർ ചെയ്തോ, നിങ്ങൾക്കൊരു ഉന്നത ഭാവി തീരുമാനിപ്പെട്ടിരിക്കുന്നു. ഇനി വേണ്ടത് നല്ല പരിശീലനവും കഠിന പ്രയത്നവും മാത്രം. ഒപ്പമുണ്ട് ലക്ഷ്യയും!!