ഇന്നത്തെ കാലത്ത് പ്ലസ് ടു കൊമേഴ്‌സ് പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾ, കമ്പനി സെക്രട്ടറി എന്ന കോഴ്സിനെപ്പറ്റി ചിന്തിക്കാറുണ്ട്. എന്നാൽ കോഴ്സിനെപ്പറ്റിയുള്ള വ്യക്തമായ ധാരണ കുറവ്, പലപ്പോഴും കോഴ്സ് തിരഞ്ഞെടുക്കുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചേക്കാം.
ഒരു കമ്പനിയുടെ നിയമപരമായ കാര്യങ്ങളും, അവയൊക്കെ നിയമപരമായി നടപ്പാക്കുന്നുണ്ടോ എന്നുറപ്പുവരുത്തുന്നതുമാണ് ഒരു കമ്പനി സെക്രട്ടറിയുടെ പ്രധാന ജോലി. ഓഹരിവിതരണം, നികുതി തുടങ്ങിയവയിലൊക്കെ കമ്പനി സെക്രട്ടറിയുടെ വിദഗ്‌ദ്ധോപദേശവും വളരെ പ്രാധാന്യമർഹിക്കുന്നു. പ്ലസ് ടുവിനു ശേഷം കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റാണ്, മാറ്റങ്ങൾക്കുള്ള ശേഷമുള്ള കോഴ്സിന്റെ പ്രവേശനകവാടം. കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റിൽ ഓരോ പേപ്പറുകളിലും 40 ശതമാനം മാർക്കും, ടെസ്റ്റിൽ പൂർണമായും 50 ശതമാനം മാർക്കും നേടുന്നവർക്ക് എക്സിക്യൂട്ടീവിലേക്ക് പ്രവേശിക്കാം. നെഗറ്റീവ് മാർക്ക് ഇല്ല എന്നുള്ളതാണ് പരീക്ഷയുടെ പ്രത്യേകത.
മാറ്റങ്ങൾ
2020 അമെൻഡ്മെന്റ്റ് പ്രകാരം, കമ്പനി സെക്രട്ടറി കോഴ്‌സിന്റെ പഠനത്തിൽ നിരവധി മാറ്റങ്ങൾ ഈ അടുത്തകാലത്തായി വന്നിട്ടുണ്ട്.
ഇനി മുതൽ രണ്ട് ഘട്ടങ്ങൾ.
കമ്പനി സെക്രട്ടറി കോഴ്സിന് പ്രധാനമായും ഫൗണ്ടേഷൻ, എക്സിക്യൂട്ടീവ്, പ്രൊഫഷണൽ എന്നിങ്ങനെ 3 ഘട്ടങ്ങളാണ് മുൻപുണ്ടായിരുന്നത്. എന്നാൽ അമെൻഡ്മെന്റ് പ്രകാരം അത് രണ്ട് ഘട്ടങ്ങളായി കുറഞ്ഞു, എക്സിക്യൂട്ടീവും പ്രൊഫഷണലും. പ്ലസ് ടുവിനു ശേഷം ഏതൊരു വിദ്യാർത്ഥിക്കും, കമ്പനി സെക്രട്ടറി ഫൗണ്ടേഷൻ കോഴ്സിനായി മുൻപ് അപേക്ഷ നല്കാമായിരുന്നു. എന്നാൽ മാറ്റത്തോടനുബന്ധിച്ചു, പുതിയ മാനദണ്ഡം കൊണ്ടുവന്നു.
CSEET
കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ് പാസായവർക്ക് മാത്രമാണ് കമ്പനി സെക്രട്ടറി കോഴ്‌സിലേക്ക് ഇപ്പോൾ പ്രവേശനം ലഭിക്കുള്ളൂ. കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് ടെസ്റ്റ് (CSEET) എന്നാൽ, 135 മിനുട്ടുകൾ നീളുന്ന ഒരു ഓൺലൈൻ ടെസ്റ്റാണ്. ഓരോ വർഷത്തിലും, മെയ്, ജൂൺ, നവംബർ, ജനുവരി എന്നിങ്ങനെ 4 തവണ ആയിട്ടാണ് ഈ എൻട്രൻസ് ടെസ്റ്റ് നടക്കുന്നത്. ടെസ്റ്റ് പാസാകുന്ന വിദ്യാർത്ഥികൾക്ക് കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് പഠനം ആരംഭിക്കാം.
കമ്പനി സെക്രട്ടറി കോഴ്സിന്റെ മറ്റൊരു പ്രധാന പ്രത്യേകത എന്നാൽ പഠനച്ചിലവ് വളരെ കുറവാണ്. ഒപ്പം സ്കോളർഷിപ്പുകളുമുണ്ട്. കോഴ്സിനെക്കുറിച്ചുള്ള വ്യക്തത കുറവ് വലിയ തോതിൽ വിദ്യാർത്ഥികൾക്കുണ്ടായതുകൊണ്ട് തന്നെ, ഇത്രയേറെ മെച്ചങ്ങളുണ്ടായിട്ടും കേരളത്തിൽ നിന്നും വളരെ കുറച്ചുപേർ മാത്രമാണ് കമ്പനി സെക്രട്ടറി കോഴ്സ് തിരഞ്ഞെടുക്കുന്നത്.